ജംഗല്‍മഹല്‍ ചോരക്കളം; വാക്യുദ്ധവുമായി മമതയും മാവോയിസ്റ്റുകളും
ബംഗാളിലെ മാവോയിസ്റ്റ് സ്വാധീനപ്രദേശമായ ജംഗല്‍മഹല്‍ വീണ്ടും ചോരക്കളമാകുന്നു. അധികാരത്തില്‍ വന്ന് നൂറുദിവസത്തിനുള്ളില്‍ ജംഗല്‍മഹല്‍ ശാന്തമാക്കുമെന്ന് മമത വീമ്പുപറഞ്ഞിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇവിടെ ഒരു മാസത്തിനുള്ളില്‍ നാലു പേരെ കൊന്നു. അക്രമം വെടിയാതെ മാവോയിസ്റ്റുകളുമായി ചര്‍ച്ചയില്ലെന്ന മമതയുടെ നിലപാടിനെ കേന്ദ്രസേനയെ പിന്‍വലിച്ചല്ലാതെ ചര്‍ച്ചയില്ലെന്നു പറഞ്ഞാണ് മാവോയിസ്റ്റുകള്‍ വെല്ലുവിളിക്കുന്നത്. ജയിലിലുള്ള പ്രധാന നേതാക്കളെ മോചിപ്പിക്കണമെന്നതും മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കുള്ള ഉപാധിയായി മുന്നോട്ടുവക്കുന്നു. ജംഗല്‍മഹലില്‍ സായുധസംഘങ്ങളെ സര്‍ക്കാര്‍ പോറ്റിവളര്‍ത്തുകയാണെന്നും മാവോയിസ്റ്റുകള്‍ ആരോപിച്ചു. ജംഗല്‍മഹലിലെ ആദിവാസി കുടുംബങ്ങളില്‍നിന്ന് 10,000 പേരെ സംസ്ഥാന പൊലീസില്‍ നിയമിക്കുമെന്ന മമതയുടെ പ്രസ്താവന സാല്‍വ ജുദുമിന് സമാനമായ സേനയെ വളര്‍ത്തിയെടുക്കാനാണെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മമത മാവോയിസ്റ്റുകളുടെ വാദമാണ് ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയായതോടെ മമത മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പ്രകോപിതരായ മാവോയിസ്റ്റുകള്‍ ഒരു മാസത്തിനകം ഒരു സിപിഐ എം പ്രവര്‍ത്തകനെയും രണ്ട് തൃണമൂല്‍പ്രവര്‍ത്തകരെയും ഒരു ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച നേതാവിനെയും കൊലപ്പെടുത്തി. ഇതോടെ മാവോയിസ്റ്റുകളെ തെമ്മാടികളെന്ന് മമത വിശേഷിപ്പിച്ചു. അക്രമം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും പ്രഖ്യാപിച്ചു. മമതയുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി മാവോയിസ്റ്റുകളുടെ നേതൃത്വം കഴിഞ്ഞ ദിവസം സര്‍ക്കാരിന് തുറന്ന കത്തെഴുതി. തങ്ങള്‍ക്കെതിരായ സേനാനീക്കങ്ങളും സംഭാഷണവും ഒന്നിച്ചുപോകില്ലെന്നായിരുന്നു കത്തിലെ പ്രധാന ഉള്ളടക്കം. തന്റെ കൊല്ലാന്‍ മാവോയിസ്റ്റുകള്‍ തക്കംപാര്‍ത്ത് നടക്കുകയാണെന്ന് മമത പറഞ്ഞിരുന്നു. മമതയെ കൊല്ലാന്‍ പദ്ധതിയില്ലെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയുടെ ഒരു ബറ്റാലിയനെ പിന്‍വലിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണമെന്ന് മമത കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
Posted on: 01-Oct-2011 10:49 PM(ദേശാഭിമാനി ന്യൂസ്)
Posted on: 01-Oct-2011 10:49 PM(ദേശാഭിമാനി ന്യൂസ്)
Comments