എന്റെ ഓത്ത് പള്ളിക്കാലം
സമദാനീമാരുടേയും മഅദനിമാരുടേയും മതപ്രസംഗങ്ങൾ അരങ്ങു തകർക്കുന്ന 90കളുടെ കാലം.സ്വാഭാവികമായും ദീനുമായി അടുത്ത് ബന്ധമുള്ള പള്ളിയുമായി അടുത്തിടപഴകുന്ന ഏതൊരു മാതാപിതാക്കളുടേയും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും തന്റെ മകനും ഇത് പോലെ വലിയൊരു പ്രാസംഗികനാകണം എന്നത്.വ്യാമോഹമോ അതിമോഹമോ എന്തോ എന്റെ മാതാപിതാക്കൾക്കും ഉണ്ടായി ഇത് പോലൊരാഗ്രഹം.
മൂത്ത രണ്ട് ജ്യേഷ്ടന്മാരും പത്തി മടക്കി പരാജയം ഏറ്റ് പറഞ്ഞ് പിന്മാറി.അടുത്തത് എന്റെ ഊഴം. അവരുടെ ആഗ്രഹം എന്നോടവതരിപ്പിക്കുന്നതിന്ന് മുന്നേയായി ഞാൻ തന്നെ സ്വയം കച്ച കെട്ടിയിറങ്ങി ഒരു “ മൊയ്ല്യാർ കുട്ടി “ യാവാൻ. അങ്ങനെ എന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന്ന് ഞാൻ തറക്കല്ലിട്ടത് കണ്ണൂർ മാങ്ങാട്ടെ ജുമുഅത്ത് പള്ളിയിലെ ദർസിൽ ചേർന്ന് കൊണ്ടാണ്. മൂന്നേ മൂന്ന് മാസമേ എന്റെ ഈ മറുനാടൻ ദർസ് ജീവിതത്തിന്ന് ആയുസ്സുണ്ടായിരുന്നുള്ളൂ. പക്ഷേ ഈ കാലയളവിൽ എനിക്ക് കിട്ടിയ അനുഭവങ്ങളും പാടങ്ങളും വളരെ വലുതാണ്.ഇരുപതിലധികം മുതഅല്ലിമീങ്ങൾ ഉണ്ടായിരുന്നു ആ ദർസിൽ.ഭക്ഷണത്തിന്നായി ഓരോ ആൾക്കും ഇന്ന വീട് എന്ന് നിജപ്പെടുത്തിയിരുന്നു.രണ്ട് കിലോ മീറ്ററിലധികം നടന്ന് വേണം എനിക്ക് നിശ്ചയിച്ച വീട്ടിൽ രണ്ട് നേരത്തെ ഭക്ഷണം കഴിച്ച് വരാൻ. ഇത് എന്നെ വല്ലാതെ നിരാശനാക്കി. ഒന്ന് ഇത്രയും ദൂരം നടക്കുക എന്നത്. രാത്രി സമയങ്ങളിലൊക്കെ ഇത്രയും ദൂരം നടന്നെത്തിയത് ഓർക്കുമ്പോൾ ഇപ്പോഴും പേടിയുളവാക്കുന്നു. രണ്ട്, ആ വീട്ടിലെ ഉമ്മാന്റെ അവസ്ഥ. എന്റെ നാട്ടിൽ മാസത്തിലൊരിക്കൽ മാത്രമേ ഓരോ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കേണ്ടതുള്ളൂ. ആ ഒരു ദിവസം തന്നെ എന്റെ ഉമ്മ പെടുന്ന കഷടപ്പാടുകളും പെടാപാടുകളും ഒരു പാട് തവണ ഞാൻ കണ്ടതാണ്. അങ്ങനെയിരിക്കെ മാസത്തിൽ എല്ലാ ദിവസവും ഭക്ഷണമുണ്ടാക്കി തരുന്ന ആ ഉമ്മാന്റെ അവസ്ഥയോ?
എന്നിരുന്നാലും ഭക്ഷണത്തിന്ന്
പോയി
വരിക
എന്നത്
നല്ല
രസമുള്ള
കാര്യമായിരുന്നു.മറ്റ്
വീടുകളിൽ
ഭക്ഷണം
കഴിക്കാൻ
വരുന്ന
എന്റെ
സഹപാടികളുമൊത്ത്
മാവിന്റേയും കശുമാവിന്റേയും ഇട്യിലൂടെയുള്ള ആ യാത്രകളുടെ
ഓർമ്മകൾ
ഇന്നും
രസം
തരുന്നു.
പക്ഷേ
എന്റെ
ജീവിതത്തിന്റെ
വസന്തം
ഇങ്ങനെ
ഊഷരമാക്കിത്തീർക്കാനുള്ളതല്ലെന്ന്
ആ
മാവിൻ
ചില്ലകൾ
എന്നോട്
പറയുന്ന
പോലുള്ള
ഒരു
മാനസീക
പ്രതീതി
എന്നെ
അവിടം
വിടാൻ
പ്രേരിപ്പിച്ചു.
അങ്ങനെ
തിരിച്ച്
കെട്ടും
ഭാണ്ഡങ്ങളുമായി
എന്റെ
നാട്ടിൽ
തന്നെയുള്ള
ദർസിലേക്ക്.
“ മുറ്റത്തെ
മുല്ലയ്ക്ക്
മണമില്ല”
എന്ന
പ്രയോഗം
എത്ര
ശരി!.
75 മുതഅല്ലിമീങ്ങൾക്ക് അവിടെ തന്നെ
ഭക്ഷണവും
താമസവും
നൽകുന്ന
കണ്ണൂർ
ജില്ലയിലെ
ചുരുക്കം
ചില
ദർസുകളിലൊന്ന്.രണ്ട്
വർഷക്കാലത്തോളം
ദർസ്
വിദ്യാഭ്യാസത്തോടൊപ്പം
ഭൌതീക
വിദ്യാഭ്യാസവും
പടിച്ച്
പോന്ന
എനിക്ക്
ഒരു കുറവുണ്ടെന്ന്
തോന്നി. പണം..! പ്രതാപികളും സാമ്പത്തീകമായി കഴിവുകാരുമായ
നാട്ടുകാരുടേയും കുടുംബക്കാരുടേയും ഇടയിൽ എന്റെ ഉപ്പായുടെ കഷ്ടപ്പാട്
കാണാതിരിക്കാൻ എന്റെ മൻസ്സ് എന്നെ അനുവദിച്ചില്ല. മറുനാടൻ മലയാളിയും പിന്നെ പ്രവാസിയുമായി. വർഷങ്ങൾക്കിപ്പുറം ഇന്ന് പ്രതാപം നഷ്ടപ്പെട്ട
ചില കുടുംബക്കാരുടേയും നാട്ടുകാരുടേയും ഒരെളിയ “രാജാവ്“ എന്നതിന്ന്
പുറ്മെ എന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും ആഗ്രഹങ്ങളും ഒരു പരിധി വരെ
തീർത്തിരിക്കുന്നു.ഒന്നൊഴികെ , ഒരു പ്രാസംഗികനാവുക എന്നത്.ഇന്ന് ഞാനതിന്റെ പാതി വഴിയിലാണ്. ഇൻശാ അല്ലാഹ്.
ചെറുപ്പകാലത്തെ ഓത്ത്പള്ളി ഇന്നും എന്റഒ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ്.ഒരു പക്ഷേ എല്ലാവരേയും പോലെ.പലതും ഇന്നും എന്റെ മനസ്സില്‍ മായാതെ മറയാതെ മനസ്സിന്റെ അലമാരയില്‍ ഇന്നലെ കഴിഞ്ഞ
ഒരനുഭൂതി പോലെ ഇങ്ങനെ
ചാരി കിടക്കുകയാണ്.
അന്നത്തെ ഓരോ വഴിവക്കും ഇന്നും
എനിക്ക് ഹൃദ്യമാണ്. ആ വഴിയിലൂടെ.....
എന്റെ ഭൌതീക
വിദ്യാഭ്യാസം തുടങ്ങുന്നത് ഇപ്പോഴത്തെ ചെറുകുന്ന് മുണ്ടപ്പുറത്തുള്ള ഗവര്‍മെണ്ട്
വെല്‍ഫയര്‍ സ്കൂളില്‍ വെച്ചാണ്.പക്ഷേ അന്ന് സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത്
മുണ്ടപ്പുറത്തല്ല. തെക്കെ പുന്നച്ചേരിയിലാണ്. റെയില്‍വെ ട്രാക്കിന്നടുത്തും രണ്ട് കെട്ടിടങ്ങളിലുമായിരുന്നു അന്ന്
സ്കൂള്‍ . എന്നെ സ്കൂളില്‍ ചേര്‍ത്തതിന്റെ രണ്ടാം നാള്‍ തന്നെ എന്നെ
സ്കൂളില്‍ നിന്നും പറഞ്ഞു വിട്ടു. “നീ
അത്രയ്ക്കങ്ങ് വളര്‍ന്നിട്ടില്ലെടാ“ എന്നും പറഞ്ഞ് ഗോപാലന്‍ മാഷാണ് എല്ലാവര്‍ക്കും
കൊടുക്കും പോലെ “ഉപ്മാവ്”ഉം തന്നിട്ട് എന്നെ പറഞ്ഞ് വിട്ടത്. അത് കൊണ്ട്
തന്നെ എന്റെ സ്കൂള്‍ പ്രവേശം ഔദ്യോഗികമായി ഏഴാം വയസ്സ് മുതലായിരുന്നു. ഞാന്‍ ചേര്‍ന്നതിന്റെ രണ്ടാം വര്‍ഷമായിരുന്നു സ്കൂള്‍
മുണ്ടപ്പുറത്തേക്ക് മാറ്റിയത്.അന്ന് സ്കൂളില്‍ അഞ്ചാം ക്ലാസ്സ്
വരെ മാത്രമേ
പഠനം ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്നത് പ്ലസ്ടു വരെയെത്തി നില്‍ക്കുന്നു.
ഉപ്മാവ് ആയിരുന്നു
അന്ന് കുട്ടികളുടെ ഉച്ച ഭക്ഷണം.മുണ്ടപ്പുറത്തേക്ക് മാറിയതിന്ന് ശേഷമായിരുന്നു
സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയത്. കഞ്ഞിയും ചെറുപയര്‍
കറിയുമായിരുന്നു ഉച്ചഭക്ഷണം. ഭക്ഷണം പാകം ചെയ്തിരുന്നത് തെക്കെ പുന്നച്ചേരിയില്‍
സ്കൂളുണ്ടായിരുന്നതിന്നടുത്തുള്ള പപ്പിനി(പത്മിനി)
ഏച്ചിയും ഭര്‍ത്താവ് രാമേട്ടനുമായിരുന്നു.ഓരോ
ദിവസവും അഞ്ച് പേരടങ്ങുന്ന സ്ക്വാഡായിരുന്നു ഉച്ചക്കഞ്ഞി നിയന്ത്രിച്ചിരുന്നത്. അഞ്ചാം ക്ലാസെത്തിയപ്പോൾ ബുധനാഴത്തെ ഉച്ചക്കഞ്ഞി സ്ക്വാഡില്‍ ഞാനും
അംഗമായി. പാത്രങ്ങളും മറ്റും എടുത്ത് വെക്കാന്‍ കൂടുന്നത് കൊണ്ട്
പപ്പിനി ഏച്ചിയുടെ വക ഒരു ഗ്ലാസ്സ് പയര്‍ കറി എന്നും ഫ്രീ ആയിരുന്നു.പപ്പിനി ഏച്ചിയുടെ പയര്‍ കറിയുടെ
സ്വാദ് ഒന്ന് വേറെ തന്നെയാ. അത് ഇന്നും നാവിന്റെ തുമ്പത്ത്
തന്നെ ഇങ്ങനെ
തടം കെട്ടിക്കിടക്കുന്നുണ്ട്.
എന്റെ അവ്വൽ സുബ്ഹികൾ തുടങ്ങുന്നത് പ്രതീക്ഷകളുടെ തിരയോട്ടങ്ങളോടെയാണ്. അത് തുടങ്ങുന്നത് കരീംക്കാന്റെ പുട്ടിൽ നിന്നാണ്. പുട്ട് എന്ന്
പറയുന്നത് “ഒരൊന്നന്നര” പുട്ടാണ്. കരീംക്ക നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരു മുതിർന്ന അംഗം. ഉമ്മ ചുട്ട് കൊടുത്തയക്കുന്ന
പുട്ട് അങ്ങ് ദൂരെ രണ്ട്
മൂന്ന് കടകളിൽ
വിറ്റ് കുടുംബം പോറ്റുന്ന ഒരത്താണി. അര ബക്കറ്റ്
പുട്ടെങ്കിലും കാണും
ഓരോ ദിവസവും കരീംക്കാന്റെ കൈയ്യിൽ. നല്ല സ്വാദുള്ള
പുട്ട്. രാവിലെ നാല് മണിക്ക്
കരീംക്ക പുട്ടുമായി പോവും. തിരിച്ച് വരുന്നത്
ഏഴ് മണി സമയത്തും. ഈ സമയത്താണ് ഞാനും
എന്റെ സതീർഥ്യരും
പള്ളിക്കൂടത്തിലേക്ക്
പുറപ്പെടുന്നത്. ഒരു കഷ്ണമോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് പുട്ടിനിടയിലിടുന്ന തേങ്ങ ചിരണ്ടിയതോ
ബക്കറ്റിൽ ഇല്ലാതെ കരീംക്ക
മടങ്ങാറില്ല. ആരാണോ ആദ്യം
കരീംക്കയെ കാണുന്നത് അവർക്കാണ് അന്നത്തെ പുട്ടിന്റെ “തിന്നവകാശം”. അത് കൊണ്ട് തന്നെ എല്ലവരും മുന്നേ നടന്നെത്താനുള്ള ശ്രമം നടത്തും. പക്ഷേ ഇങ്ങനെ മുന്നേ
നടക്കുന്നത് കൊണ്ട്
മറ്റൊന്ന്
നഷടപ്പെടാനുള്ള സാധ്യതയും ഉണ്ട്. അത് മോഹനേട്ടന്റെ ഓട്ടോറിക്ഷയോ അല്ലെങ്കിൽ ഉമ്മര്‍ക്കാന്റെ കവാസകിയിലോ കയറാനുള്ള സുവർണ്ണാവസരമാണ്. പുട്ടിനായ് മുന്നേ നടന്നാല്‍ പിറകിലായ് നടക്കുന്നവര്‍ക്കായിരിക്കുമല്ലോ ആദ്യം വണ്ടിയില്‍ കയറാനുള്ള അവസരം കിട്ടുക.
വീട്ടിൽ നിന്നും
മൂന്ന് കിലോ മീറ്റർ ദൂരെയാണ് പള്ളിക്കൂടം. ഇത്രയും ദൂരം നടന്നെത്തുക എന്നത് വളരെ വിഷമം പിടിച്ച ഒരു
സംഗതിയാണ്. അത് കൊണ്ട് തന്നെ ഒരു വണ്ടിയിൽ കയറി പ്പറ്റുക എന്നത് എല്ലാവരുടേയും ആ ദിവസങ്ങളിലെ ആഗ്രഹമാണ്. അങ്ങനെയുള്ള രണ്ട് വണ്ടികളാണ് എന്റെ നാട്ടിലുള്ളത്.അതിലൊന്ന് മോഹനേട്ടന്റെ ഓട്ടോറിക്ഷയും
മറ്റൊന്ന് ഉമ്മര്‍ക്കാന്റെ കവാസകിയുമായിരുന്നു. മോഹനേട്ടന്റെ ഓട്ടോയില്‍ കയറിയാലുള്ള ഊതിന്റെ മണം ഇന്നും ഞാന്‍ മണക്കുന്നു. രാവിലെയായത് കൊണ്ട് ദൈവ പ്രാര്‍ഥനയും മറ്റും കഴിഞ്ഞാണ്‍ മോഹനേട്ടന്‍ വരാറ് പതിവ്.
സ്കൂളിലേക്കുള്ള പാടവരമ്പത്ത് കൂടെയുള്ള യാത്ര വളരെ രസം നിറഞ്ഞതാണ്. വർഷ കാലത്താണ് ഏറെ
രസം.ഞാറ്റ് വരമ്പത്തു കിടക്കുന്ന ഞൈറ്റിങ്ങയും പൊട്ടിച്ച് കണ്ണിച്ചാനേയും തേകി ഞാറുകള്‍ക്കിടയില്‍ഊടെയുള്ള ആ യാത്ര വളരെ രസകരമാണ്‍. ഒരു പിലോപ്പി മത്സ്യത്തെ പിടിച്ചതാണ്‍ എനിക്കിന്നും മറക്കന്‍ പറ്റാത്ത ഒരനുഭവം. ഒരു പുഴ വക്കത്ത് കൂടെയായിരുന്നു ഞാനും സഥീര്‍ത്യരും സ്കൂളിലേക്ക് പോയിരുന്നത്. ഞങ്ങള്‍ മൂന്ന് നാല്‍ ദിവസം ഈ ഒരു മത്സ്യത്തെ കാണാന്‍ തുടങ്ങി.അടിഭാഗം വ്യക്തമായി കാണാന് പറ്റുന്ന ഒരു പുഴ വക്കായിരുന്നു അവിടം. ഒരു ദിവസം നമ്മളെല്ലാവരും ഒരു വിഫല ശ്രമവും നടത്തി. പിറ്റേ ദിവസവും അതിനെ അവിടെ കാണുകയാണെങ്കില്‍ അതിനെ പിടിചേ ഞാന്‍ വീട്ടിലേക്കുള്ളു എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ നമ്മളെല്ലാവരും അടുത്ത ദിവസം അതേ സ്ഥലത്തെത്തി. മത്സ്യം അവിടെത്തന്നെയുണ്ട്. ആരോ ഒരാള്‍ വെള്ളത്തിലിറങ്ങി പിടിക്കാനുള്ള വിഫലശ്രമം വീണ്ടും നടത്തി. എല്ലാവരും മുന്നോട്ട് നീങ്ങി. പക്ഷേ ഞാന്‍ എന്റെ കൈയില്‍ സൂക്ഷിച്ച ചൂണ്ട പുറ്ത്തെടുത്തു.ഇരയും കോര്‍ത്ത് വെള്ളത്തിലിട്ടു. ആദ്യം പരിഭ്രമിച്ച് ഒന്ന് പിന്നോട്ട് നീങ്ങിയെങ്കിലും ഇര തേടി അലയുന്ന ആ മത്സ്യം ഞാന്‍ കോര്‍ത്ത ഇരയില്‍ കൊത്തി. മൂന്നാമത്തെ കൊത്തില്‍ അതിന്റെ തൊണ്ടയില്‍ തറച്ചു. ചൂണ്ടയേയും വലിച്ച് ഓടിയെങ്കിലും എന്റെ ശക്തമായ വലിയില്‍ അത് കരയിലേക്ക് വീണു. എല്ലാവരും ഓടിക്കൂടി. ഒരു വിജയിയെ പോലെ പിടയുന്ന മത്സ്യവുമായി എല്ലാവരേക്കാളും മുന്നേ ഞാന്‍ നടന്ന് നീങ്ങി.
മാമ്പഴക്കാലമായാൽ സ്കൂളിലെത്തുന്നതും തിരിച്ച് വീട്ടിലെത്തുന്നതും നേരം വൈകിയായിരിക്കും. കാരണം എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന നമ്മുടെ ലോക്കല്‍ ട്രെയിനുകള്‍ പോലെ എല്ലാ മാവിന്‍ ചുവടും ചെക്ക് ചെയ്യാതെ സ്കൂളിലേക്കോ തിരിച്ച് വീട്ടിലേക്കോ എത്താറില്ല. ഒരു മാമ്പഴ്ക്കാലം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് 2:30 നായിരുന്നു സ്കൂളിലെത്തേണ്ടത്.എന്തോ കാരണത്താല്‍ നേരം വൈകി.സ്കൂളെത്തുന്നതിന്ന് അരക്കിലോമീറ്റര്‍ മുന്നേയായി ഒരു മാവിന്‍ കൂട്ടമുണ്ട്. നാല്‍ ഭാഗങ്ങളും ചില്ലകള്‍ കൊണ്ട് നിറഞ്ഞ വലിയ ഒരു മാക്കൂട്ടം. ഞാന്‍ മാവിന്‍ ചുവട്ടിലെത്തലും അതാ വരുന്നു ഒരുച്ചക്കാറ്റ്.തുരുതുരാ മാങ്ങ വീഴാന്‍ തുടങ്ങി. ഏത് ഭാഗത്തേക്കോടണം, ഏതെടുക്കണം , എവിടെ വക്കണം എന്നറിയാതെ ഞാന്‍ വലഞ്ഞു.ഒരു തുണി സഞ്ചിയായിരുന്നു ബുക്കും പെന്നും പെന്‍സിലുമൊക്കെ സൂക്ഷിക്കാനായി അന്നൊക്കെ ഉണ്ടായിരുന്നത്. അതും എല്ലാം ഒറ്റക്കള്ളിയില്‍. ഇന്നത്തെ പോലുള്ള സ്കൂള്‍ ബേഗൊന്നും അന്ന് കിട്ടിയിരുന്നില്ല. അവസാനം എല്ലാം വാരി സഞ്ചിയില്‍ കുത്തി നിറച്ച് സ്കൂളിലെത്തുമ്പോഴേക്കും സമയം മൂന്നരയായിരുന്നു. ശിക്ഷ കിട്ടി. രണ്ട് പിരീഡ് നേരം ക്ലാസ്സിന് പുറത്ത്.പിന്നീടൊരിക്കലും മാങ്ങ പെറുക്കാനായ് സമയം കളഞ്ഞിരുന്നില്ല.
എന്റെ ഓത്ത്പള്ളി ഓര്‍മ്മകളില്‍
ചിലത്
കണ്ടോക്കാരന്‍


Comments