15 മണിക്കൂർ പോലും പറ്റില്ലേ നമുക്ക് !!
അങ്ങ് സുഡാനിലും സോമാലിയിലും എന്തിന് കേരളത്തിലെ തന്നെ ചിലയിടങ്ങളിൽ പോലും പട്ടിണി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ചെയ്യപ്പെടുന്നുമുണ്ട്. ഇവരൊന്നും ഒരു നേരത്തെയോ ഒരു ദിവസത്തെയോ ഭക്ഷണമല്ല കിട്ടാതിരുന്നിട്ടുണ്ടാവുക. പലേ നാളുകളായി ഭക്ഷണവും വെള്ളവും കിട്ടാത്തവരായിരിക്കും. ലോകത്തിൽ കോടീശ്വരന്മാർ കൂടിക്കൊണ്ടേയിരിക്കുന്നു.പക്ഷേ പാവപ്പെട്ടവൻ ഇന്നും അരപ്പട്ടിണിയിൽ നിന്നും മുഴുപ്പട്ടിണിയിലേക്ക് തന്നെ. എന്തേ സ്വർണ്ണക്ലോസറ്റുകളിൽ രണ്ട് സാധിക്കുന്നവർക്കൊന്നും ഈ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയില്ലേ? എന്തേ ആട് ബിരിയാണി കൊണ്ടും ഒട്ടക ബിരിയാണി കൊണ്ടും പർവ്വതങ്ങൾ തീർക്കുന്നവർക്ക് ഈ ലോകത്തിന്റെ പട്ടിണി മാറ്റാൻ കഴിയില്ലേ? ഇവിടെയാണ് ഇസ്ലാമിന്റെ മണിമുത്തുകൾ എടുത്ത് പറയേണ്ടത്. ഇസ്ലാമിന്റെ അഞ്ച് സ്തംബങ്ങളിലൊന്നായ നോമ്പ് മനുഷ്യന്റെ ആത്മ ശുദ്ധിയും ശാരീരിക സംസ്കരണവും മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സകാത്ത് പോലെ മനുഷ്യനിൽ സാമൂഹിക സംതുലനാവസ്ഥ കൂടി ഉറപ്പ് വരുത്തുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരെനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നോമ്പ് നിർബന്ധമാണ്....