ശിക്ഷിക്കാനായി ഭരണമോ?


ഇരുപത്തഞ്ച് വര്‍ഷംമുമ്പ് ഫോബ്സ് മാസിക ലോകത്തെ ധനാഢ്യരുടെ കണക്കെടുത്തപ്പോള്‍ പട്ടികയിലെ എണ്ണം 140 ആയിരുന്നു. ഇന്ന് പുതിയ കണക്ക് വന്നപ്പോള്‍ അത് 1226 ആയി ഉയര്‍ന്നു. അതില്‍ നാലുശതമാനം ഇന്ത്യന്‍ വംശജരാണ്. ലോകത്താകെയും ഇന്ത്യയ്ക്കകത്തും അതിവേഗം പെരുകുന്നത് ശതകോടീശ്വരന്മാരാണ്. അതിനനുസരിച്ച് തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു. നവലിബറല്‍ പരിഷ്കാരങ്ങളുടെ മുഖ്യ ഗുണഭോക്താക്കള്‍ വന്‍കിട ബൂര്‍ഷ്വാസിയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഇന്ത്യയിലെ വന്‍കിട ബിസിനസ് കുടുംബങ്ങളുടെ ആസ്തി അതിവേഗം കുതിച്ചുയര്‍ന്നു. 5000 കോടിയിലേറെ രൂപയുടെ സ്വത്തുള്ളവര്‍ 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി എന്നാണ് ഫോബ്സ് മാസികയുടെതന്നെ കണക്ക്. ഒരുഭാഗത്ത് ഇതുസംഭവിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ പ്രയാസഭരിതമാവുകയാണ്.
രാജ്യത്തെ ഇന്ന് പിടിച്ചുലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റംതന്നെ. അഞ്ച് നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി ലഭിച്ചപ്പോള്‍ , ആ പാര്‍ടിയുടെ അധ്യക്ഷ സോണിയ ഗാന്ധിതന്നെ പഴിച്ചത് വിലക്കയറ്റത്തെയാണ്. പൊതുവിതരണം സാര്‍വത്രികമാക്കുകയും, അവധി വ്യാപാരവും ഊഹക്കച്ചവടവും നിരോധിക്കുകയുമാണ് വിലക്കയറ്റം തടയാനുള്ള പ്രധാന മാര്‍ഗം. അതിനു തയ്യാറാകാതെ, വ്യാപാരമേഖലയെ വിദേശ-നാടന്‍ കുത്തകകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുകിട വ്യാപാരി സമൂഹവും ഇതോടെ പട്ടിണിയുടെയും പരിവട്ടത്തിന്റെയും ഇരുളിലാകും. പെട്രോളിന്റെ വിലനിയന്ത്രണം നീക്കംചെയ്തതോടെ തുടര്‍ച്ചയായ വിലവര്‍ധനയാണുണ്ടായത്. 2009ല്‍ 40 രൂപ വിലയുണ്ടായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന് വില എഴുപതു രൂപയായിരിക്കുന്നു. ഇനിയും അഞ്ചുരൂപ ഉടനെ കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.
വിലക്കയറ്റത്തിന്റെ ആഘാതം വര്‍ധിപ്പിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ ഉയര്‍ന്ന തോതില്‍ നികുതി ചുമത്തുന്നത് കേന്ദ്രം തുടരുന്നു. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം വിലനിയന്ത്രണം നീക്കംചെയ്യാനാണ് ആലോചിക്കുന്നത്. സബ്സിഡി നീക്കംചെയ്ത് "ക്യാഷ് ട്രാന്‍സ്ഫര്‍" എന്ന നയം നടപ്പാക്കാന്‍ ആലോചിക്കുന്നു. ഇങ്ങനെ ഓരോ ചുവടും ജനവിരുദ്ധമാണെന്ന് തെളിയിച്ചു മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിന്റെ ഏറ്റവുമൊടുവിലത്തെ കടന്നാക്രമണമാണ് റെയില്‍വേ ചരക്കുകൂലി വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഭക്ഷ്യവസ്തുക്കള്‍ക്കും രാസവളത്തിനും കല്‍ക്കരിക്കുമുള്‍പ്പെടെ കടത്തുകൂലി 20 ശതമാനംവരെ വര്‍ധിപ്പിച്ചു. റെയില്‍വേ ബജറ്റില്‍ യാത്രക്കൂലി വര്‍ധനയുണ്ടാകുമെന്നും വ്യക്തമായിക്കഴിഞ്ഞു.
ചരക്കുകൂലി വര്‍ധന വഴി റെയില്‍വേ 17,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കുമെന്ന് പറയുന്നു. അതിനര്‍ഥം അത്രയും തുക ജനങ്ങളില്‍നിന്ന് കൊള്ളയടിക്കപ്പെടും എന്നാണ്. കടത്തുകൂലി ഉയര്‍ത്തുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നവില വീണ്ടും വര്‍ധിക്കും. പെട്രോളിയം ഉല്‍പ്പന്നവില വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി റെയില്‍ യാത്രക്കൂലിയും വര്‍ധിപ്പിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരുന്നുമുണ്ട്. അടിക്കടി നിയന്ത്രണാതീതമായ വര്‍ധനകളുണ്ടാകുമെന്നര്‍ഥം. ചരക്കുകൂലി വര്‍ധനയുടെ ആഘാതം ജനജീവിതത്തിന്റെ സമസ്ത തലങ്ങളിലും എത്തും. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും ദരിദ്രരാക്കുന്ന നയമാണ് യുപിഎ സര്‍ക്കാര്‍ തുടരുന്നത്. ജീവിതം വഴിമുട്ടിയ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഫെബ്രുവരി 28ന് നടന്ന പൊതുപണിമുടക്ക് ലോകത്തില്‍തന്നെ ഏറ്റവുംവലിയ ജനകീയ പ്രതിഷേധം എന്ന നിലയിലേക്കാണുയര്‍ന്നത്. ഒറ്റക്കെട്ടായി, കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളില്ലാതെ തൊഴിലാളികളും കര്‍ഷകരും ജീവനക്കാരും പ്രക്ഷോഭത്തിനിറങ്ങിയിട്ടും തെരഞ്ഞെടുപ്പ് തോല്‍വിക്കുകാരണം വിലക്കയറ്റമാണെന്ന് തിരിച്ചറിഞ്ഞിട്ടും നയംമാറ്റത്തിന് യുപിഎ തയ്യാറല്ല. അതുകൊണ്ടാണ്, യുപിഎ അധ്യക്ഷയുടെ "തിരുത്തല്‍ സന്നദ്ധത" അച്ചടിച്ചുവന്ന പത്രങ്ങളില്‍തന്നെ, കടത്തുകൂലി വര്‍ധനയുടെ വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടത്. സാധാരണ ജനങ്ങളല്ല, വന്‍കിട ബിസിനസുകാരും കോര്‍പറേറ്റുകളുമാണ് യുപിഎ സര്‍ക്കാരിന്റെ അനുഭാവവും സൗമനസ്യവും നേടി ഭീമമായ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത്.
ആഗോളധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ , കോര്‍പറേറ്റുകളെ സഹായിക്കാന്‍ , അമേരിക്കയിലെന്നപോലെ നടപ്പാക്കിയ പാക്കേജിന് 1,86,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നാലുലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ക്ക് പുറമെയാണിത്. ഈ പണം പറ്റിയവര്‍ പക്ഷേ, തൊഴിലാളികള്‍ക്കോ നാടിനോ വേണ്ടി അത് വിനിയോഗിച്ചില്ല. കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങളില്‍നിന്ന് അന്‍പതുലക്ഷത്തിലധികം തൊഴിലാളികളാണ് ആഗോള പ്രതിസന്ധിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ടത്. തൊഴില്‍രഹിതരുടെ എണ്ണം അനിയന്ത്രിതമായാണ് വളര്‍ന്നത്; വളരുന്നത്. ഇതാണ് നയം. ഇപ്പോള്‍ കടത്തുകൂലി വര്‍ധിപ്പിക്കുമ്പോഴും ആത്യന്തികമായി സാധാരണ ജനങ്ങള്‍ ശിക്ഷിക്കപ്പെടുകയും വന്‍കിട ബിസിനസുകാരും കോര്‍പറേറ്റുകളും അനുഗ്രഹിക്കപ്പെടുകയുംചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയാനാണ് സര്‍ക്കാര്‍ കാത്തിരുന്നത്. ഫലം വന്നതിന്റെ അടുത്ത നിമിഷംമുതല്‍ ജനദ്രോഹ നടപടികളുടെ തുടര്‍ച്ചയുണ്ടായി. ഇനിയും അതു കടുപ്പിക്കും എന്നാണ് സൂചനകള്‍ . ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ കടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Comments

Popular posts from this blog

പ്രേമത്തിനുമുണ്ട് കണ്ണും കാതും.

Time is precious

quality time