ഇരുട്ടിലേക്ക് നയിക്കുന്ന സര്‍ക്കാര്‍
ഇടുക്കിപദ്ധതിയില്‍നിന്ന് വൈദ്യുതോല്‍പ്പാദനം നിലയ്ക്കുന്ന നിമിഷം കേരളം ഇരുട്ടിലാകും. ഇടുക്കി റിസര്‍വോയറില്‍ ഒരു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ എന്നവാര്‍ത്ത സംസ്ഥാനത്ത് ഇരുണ്ട നാളുകള്‍ വരുന്നു എന്നതിന്റെ അലംഘനീയമായ തെളിവാണ്. ഡാമിന്റെ സംഭരണശേഷി 2403 അടിയാണ്. ഇപ്പോള്‍ അതിന്റെ 36.82 ശതമാനം വെള്ളമാണുള്ളത്. അതുകൊണ്ട് 814 മില്യന്‍ യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാനാവൂ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 അടിയുടെ കുറവുണ്ട്. മുല്ലപ്പെരിയാര്‍പ്രശ്നം ജനങ്ങളില്‍ ഭീതി വിതയ്ക്കുകയും സര്‍ക്കാരിന്റെ പിടിപ്പുകേട് വലിയ വിമര്‍ശത്തിനിരയാവുകയും ചെയ്തപ്പോള്‍ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധി ഇത്രയേറെ രൂക്ഷമാകാന്‍ കാരണം. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 75ശതമാനവും നിറവേറ്റുന്നത് ഇടുക്കി പദ്ധതിയില്‍നിന്നാണ്. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയിട്ടും നാട് ഇരുട്ടിലേക്ക് വീഴുകയാണ്. യുഡിഎഫ് ഭരണത്തിലെത്തുമ്പോഴെല്ലാം ഉണ്ടാകുന്ന അവസ്ഥയാണിത്. 1996ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ഒരിക്കലും കരകയറില്ലെന്ന് കരുതിയ ദയനീയാവസ്ഥയിലായിരുന്നു സംസ്ഥാനത്തിന്റെ വൈദ്യുതിരംഗം. അഞ്ചുകൊല്ലംകൊണ്ട് ആ സര്‍ക്കാര്‍ ഉല്‍പ്പാദനശേഷിയില്‍ കൂട്ടിച്ചേര്‍ത്തത് വെറും പതിനേഴ് മെഗാവാട്ടാണ്. പൂര്‍ണ പവര്‍കട്ടില്‍ വ്യവസായശാലകള്‍ അന്ന് നിശ്ചലമായി. രാത്രിയും പകലുമായി മൂന്നരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തി. കേരളത്തിന്റെ വൈദ്യുതിവല്‍ക്കരണത്തിലെ ശോഭയാര്‍ന്ന അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടത് പിന്നീടുള്ള അഞ്ചുകൊല്ലക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിലാണ്. 1086 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിനൊപ്പം വൈദ്യുതി മിച്ച സംസ്ഥാനമെന്ന പദവിയിലേക്ക് കേരളത്തെ എത്തിക്കാനും ആ സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫ് 2001ല്‍ അധികാരത്തിലേറിയപ്പോള്‍ സ്ഥിതി പഴയ പടിയായി. അഞ്ചുകൊല്ലംകൊണ്ട് വിശേഷിച്ച് ഒന്നും സംഭവിച്ചില്ല. എന്നാല്‍ , 2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കി. 2006ല്‍ ശരാശരി പ്രതിദിന വൈദ്യുത ഉപഭോഗം 390 ലക്ഷം യൂണിറ്റായിരുന്നത് 2011ല്‍ 500 ലക്ഷമായി വര്‍ധിച്ചു. എന്നിട്ടും ഇവിടെ പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ വേണ്ടിവന്നില്ല. എല്‍ഡിഎഫ് കാലത്തെ മെച്ചപ്പെട്ട ഊര്‍ജ ആസൂത്രണത്തിന്റെ ഫലമായാണത്. ഇപ്പോഴാകട്ടെ, മുമ്പൊരിക്കലുമില്ലാത്ത വിധം കേന്ദ്രവിഹിതം കിട്ടുന്നു. 2006 ഡിസംബറില്‍ പിന്‍വലിച്ച അണ്‍അലോക്കേറ്റഡ് വിഹിതം ഇന്ന് വീണ്ടും കിട്ടുന്നു. എന്നിട്ടും പ്രതിസന്ധിയാണ്. പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്ന കര്‍ഷകന്റെ അവസ്ഥയാണ് ഇന്ന് വൈദ്യുതിബോര്‍ഡിന്. കടുത്ത വേനലില്‍ ആശ്വാസമായി കരുതിവയ്ക്കേണ്ടിയിരുന്ന വെള്ളമാണ് ലക്കുംലഗാനുമില്ലാതെ ഒഴുക്കിക്കളഞ്ഞത്. മഴക്കാലത്ത് 30-40 ലക്ഷം യൂണിറ്റാണ് ഇടുക്കിയില്‍നിന്ന് പരമാവധി ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഈ വര്‍ഷം 80-90 ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചു. മുല്ലപ്പെരിയാര്‍പ്രശ്നം രൂക്ഷമാകുന്നതിനുമുമ്പുതന്നെ ഇത് തുടങ്ങിയിരുന്നു. പെട്ടെന്ന് പുറത്തുനിന്ന് അധികവൈദ്യുതി കൊണ്ടുവരാന്‍ കഴിയില്ല. ഉത്തരേന്ത്യയില്‍ വിലകുറഞ്ഞ വൈദ്യുതി കിട്ടുമെങ്കിലും കൊണ്ടുവരാന്‍ ലൈന്‍ ലഭ്യമല്ല. ഉള്ള ലൈനുകള്‍ മറ്റു സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി ബുക്കുചെയ്തു. കായംകുളം താപനിലയത്തില്‍നിന്ന് യൂണിറ്റിന് 11.43 രൂപകൊടുത്തു വാങ്ങുന്ന വൈദ്യുതി, ബോര്‍ഡിനെ കടത്തില്‍ മുക്കും. കേന്ദ്രം കനിഞ്ഞ് കൂടുതല്‍ വൈദ്യുതി അനുവദിച്ചാലേ പ്രതിസന്ധിക്ക് അല്‍പ്പമെങ്കിലും ശമനമാകൂ. കേന്ദ്രവും കേരളവും ഒരുകൂട്ടര്‍ ഭരിച്ചാല്‍ മെച്ചമെന്നു പറയുന്നവര്‍ക്ക് പക്ഷേ, ഇക്കാര്യത്തില്‍ ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ വിലയാണ് കേരളം നല്‍കേണ്ടിവരിക.
Comments